KV Speaks

വൃദ്ധൻ

April 25, 2021

അവസാന ജീവിത പന്ഥാവു തേടി ഞാൻ
അതിരു കാണാതെ അലഞ്ഞിടുന്നു
കണ്ണെത്താ ദൂരത്തേക്കോടിനോക്കി, പക്ഷെ
കണ്ടതില്ലറ്റം, ഇനിയുമെത്ര?

ഓടി നടക്കുന്ന നേരത്തു ഞാനൊരു
സ്നേഹ മരമായി നിന്നിരുന്നു
എന്നിട്ടുമെന്തേ തണലത്തു നിന്നോരും
തള്ളിപ്പറഞ്ഞതറിഞ്ഞുകൂടാ

വെയിലത്ത് ഞാനെന്റെ ചോട്ടിൽ നിർത്തി
മഴയത്തോ ഞാനെന്നിൽചേർത്തു നിർത്തി
വിശന്നു വലഞ്ഞു വരുന്നതു കണ്ടു ഞാൻ
പശിയടക്കാനായ് പഴങ്ങൾ നൽകി

ആരെയു മിന്നോളം നോവിച്ചില്ല
പാര പണിയാനായ് പോയതില്ല
എന്നിട്ടുമെന്തെന്റെ അടിവേരിളക്കുവാൻ
ഒന്നിച്ചുകൂടുന്നു, എന്തു കഷ്ടം

സേവ പറയാനറിഞ്ഞുകൂടാ
സേവിക്കുവാനിനിയാവതില്ല
തളർന്നു വരുവോർക്കു തലയൊന്നു ചായ്ക്കുവാൻ
ആവില്ലെൻ വേരൊക്കെ പൂതലായി

ഇലയെല്ലാം താനെ പൊഴിഞ്ഞുപോയി
തണലേകുവാനായിട്ടൊന്നുമില്ല
പക്ഷികൾ പാറിക്കളിക്കും ശിഖരങ്ങൾ
ഒക്കെയും കഴിവുള്ളൊർ വെട്ടിമാറ്റി

കൂടണയാനിനിയാവില്ല മക്കളേ
വേറെവഴി തേടി പൊയ്ക്കൊള്ളുക
വേഗമതല്ലെങ്കിൽനിങ്ങൾതൻപാർപ്പിടം
നീറും മരുഭൂമിയായി മാറാം

ഇല്ലിനി നിൽക്കുവാനാവതില്ലെന്നുള്ള
സത്യം തിരിച്ചറിയുന്നു ഞാനും
ഇല്ലിനി നിർത്തിട്ടും കാര്യമില്ല
എന്നന്യരും തീർപ്പു കല്പിച്ചിടുന്നു

മഴുവുമായോടി വരുന്നതു കാണ്മു ഞാൻ
കഴിയില്ല വഴിമാറി തന്നീടുവാൻ
അടിവേരുറച്ചിട്ടനങ്ങുവാനാകാത്ത
പടുവൃക്ഷമായി ഞാൻ മാറിയല്ലോ

സമയമായ് കാലം കളഞ്ഞിടാതെ
തായ്‌വേരടക്കം പിഴുതുമാറ്റൂ
പൊന്തരുതുവേരിൽ നിന്നൊരുമുള കൂടിയിനി
പൊട്ടിമുളക്കുവാൻ നിർത്തരുത്

അതിനായിട്ടാഴത്തിൽ ചുറ്റിൽ കുഴിക്കുക
വാടാത്ത വേരിന്റ്റെ നനവ് കാണാം
വറ്റാത്ത നീരതു വന്നെങ്കിലതുകൂടി
ദാഹജലമായെടുത്തുകൊള്ളൂ…

— കെ. വി.


Written by KV Mohandas who lives in Naduvath; reading, writing and gardening. You can reach him at kvmohandas229@gmail.com.