കൊറോണക്കാലം
April 10, 2020
ഉറങ്ങിക്കൊണ്ടിരുന്ന എഴുതുവാനുള്ള ആവേശത്തെ മകന്‍ വിളിച്ചുണര്‍ത്തിയപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത് കൊറോണക്കാലത്തെക്കുറിച്ച് എഴുതുവാനാണ്.
ഈ കൊറോണക്കാലം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും നീണ്ടു പോകാനുള്ള സാധ്യതയാണ് കാണുന്നത്. അതുകൊണ്ട് ഈ കാലത്തെ ഇനിയും കുറച്ചു ദിവസം കൂടി അതിജീവിച്ചേ തീരു.
പണ്ടുള്ളവര്‍ ഏറെ സന്തോഷത്തോടെ വിവരിക്കാറുണ്ടായിരുന്നു, ഓണക്കാലത്തെക്കുറിച്ച്, ക്രിസ്തുമസ് കാലത്തെക്കുറിച്ച്, വിവിധമതസ്ഥരുടെ നോൽമ്പ് കാലത്തെക്കുറിച്ച്… അങ്ങനെ, അങ്ങനെ പലപല വിശേഷാല്‍ കാലങ്ങളെക്കുറിച്ച്.
ഇന്നിപ്പോള്‍ എല്ലാവര്‍ക്കും എന്നും ഒരുവിധം സുഭിക്ഷം, സുന്ദരം, സുഖം. ദരിദ്രനെന്നോ ധനവാനെന്നോ ഭേദമില്ല. എത്ര ഇല്ലായ്മയിലും, വല്ലായ്മയിലും മനുഷ്യര്‍ സന്തോഷിക്കാൻ പഠിച്ചുകഴിഞ്ഞിരിക്കുന്നു.
നല്ലത്.
അല്ലെങ്കിലും നാം ഇപ്പോള്‍ കിട്ടുന്ന അവസരങ്ങളെയെല്ലാം ആഘോഷമാക്കി മാറ്റി മറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ. പണ്ട്, മരണവീടുകളില്‍ നിന്നും മണിക്കൂറുകളോളം നീണ്ടു കേള്‍ക്കുന്ന നാമജപങ്ങൾ പോലും ഇന്ന് മിനിട്ടുകള്‍ കൊണ്ടവസാനിപ്പിച്ചു സൊറ പറയല്‍ തുടങ്ങുന്നതായി കാണാം. കൂട്ടംകൂടിയിരുന്നു തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും മരണ വീടുകളില്‍ ഇന്ന് സാധാരണയാണ്.
അതും നല്ലത്.
കാലത്തിനു വന്ന മാറ്റം. അല്ല സമൂഹത്തിൽ വന്ന മാറ്റം.
അങ്ങനെയിരിക്കുമ്പോളാണ് ഇതുവരെയുള്ളവർക്ക് അനുഭവിക്കാന്‍ കഴിയാതിരുന്ന ഒരു പുതിയ കാലം നമുക്കായി വന്നു ഭവിച്ചിരിക്കുന്നത്.
കൊറോണക്കാലം.
ഇതിന്റെ കാലവധി ഇനിയും പറയാറായിട്ടില്ല. എത്ര ദിവസം ഉണ്ടാവും? വര്‍ഷംതോറും വരുമോ? അതോ പത്തു വര്‍ഷത്തിലൊരിക്കലോ? എന്തോ, യോഗമുണ്ടെങ്കിൽ അനുഭവിച്ചറിയാം. അല്ലെങ്കില്‍ ഇതോടെ തീരാം.
ശുഭാപ്തിവിശ്വാസത്തിന്റെ ആവശ്യകതയെക്കുറിച്ച്, ആത്മവിശ്വാസത്തോടെ ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട കാലമാണല്ലോ ഇത്. ഈ കൊറോണക്കാലവും പ്രയാസങ്ങളെയെല്ലാം അവഗണിച്ചു പ്രയോജനപ്രദമായി ചിലവഴിക്കുന്നതിനെക്കുറിച്ചും ശുഭകരമായി പര്യവസാനിപ്പിക്കേണ്ടതിനെക്കുറിച്ചും നമുക്കാലോചിക്കാം.
വീടുകളില്‍ മറ്റാരുടെയും സാന്നിദ്ധ്യമൊ സാമീപ്യമൊ ഇല്ലാത്ത ഈ കാലം സ്വയം പരുവപ്പെടുത്താന്‍ അല്ലെങ്കില്‍ പാകപ്പെടുത്താന്‍ (self conditioning) പറ്റിയ ഏറ്റവും നല്ല സന്ദര്‍ഭമാണ്. വിവിധ മതവിഭാഗങ്ങള്‍ മനസ്സും ശരീരവും പാകപ്പെടുത്താന്‍ അനുവര്‍ത്തിക്കുന്ന വിശുദ്ധ നോൽമ്പ് കാലം പോലെ, ഒരു സ്വയം ശുദ്ധീകരണ പ്രക്രിയക്കായി വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഈ കൊറോണക്കാലത്തെ ഒരു പുതിയ അനുഭവമാക്കി മാറ്റാം.
സ്വയം ഒന്ന് പരുവപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി ചെയ്യേണ്ടത് നമ്മുടെ സ്ഥായിയായ മനോഭാവത്തെ മാറ്റിയെടുക്കുകയാണ്. അതുകൊണ്ടുതന്നെ മാറ്റത്തിനായി തയ്യാറാവുക. ജീവിതചര്യയില്‍, സ്വഭാവത്തില്‍, പെരുമാറ്റത്തില്‍, അച്ചടക്കത്തില്‍ എന്നിങ്ങനെയുള്ള നമ്മുടെ വിവിധ ഭാവങ്ങളില്‍, അവസ്ഥയില്‍, സന്ദര്‍ഭങ്ങളില്‍, ചര്യകളില്‍ ഏതൊക്കെ തരത്തില്‍ എപ്പോളൊക്കെ എങ്ങിനെയൊക്കെ മാറ്റം വരുത്തണമെന്നു അസന്നിഗ്ദ്ധമായി തീരുമാനിക്കുക.
തീരുമാനങ്ങളെ താഴെ വിവരിച്ച വിധത്തില്‍ തരം തിരിക്കുക.
- സ്വയം മാറ്റണം എന്നാഗ്രഹിക്കുന്ന, ശരിയല്ലെന്ന് തോന്നുന്ന സ്വഭാവങ്ങള്‍, ശീലങ്ങള്‍.
- മറ്റുള്ളവര്‍ മാറ്റണം എന്നാവശ്യപ്പെടുന്ന നമ്മുടെ ചില സ്വഭാവങ്ങള്‍, ശീലങ്ങള്‍.
- പുതിയതായി തുടങ്ങണം എന്നാഗ്രഹിക്കുന്ന നല്ല സ്വഭാവങ്ങള്‍, ശീലങ്ങള്‍.
ഈ നടപ്പിലാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ തീരുമാനങ്ങള്‍ അക്കമിട്ടു കൃത്യമായി എപ്പോള്‍ എങ്ങിനെ ദിനചര്യകളില്‍ ഉള്‍പ്പെടുത്തണമെന്ന് സമയക്രമത്തിന്ന് അനുസരിച്ചു വ്യക്തമായി എഴുതിവെക്കുക.
മേൽ പറഞ്ഞവിധത്തിലെടുത്ത തീരുമാനങ്ങള്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ തനിക്ക് നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. ഇച്‌ഛാശക്തിയോടെ ഓരോ തീരുമാനങ്ങളും നടപ്പിലാക്കുക. “മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്” എന്ന പഴമൊഴി പ്രവര്‍ത്തിയിലൂടെ അന്ന്വർത്ഥമാക്കുക. മനുഷ്യ മനസ്സിന്റെ വിവിധതലങ്ങളെക്കുറിച്ചും, അപാരസിദ്ധികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയുക, മനസ്സിലാക്കുക, വിശ്വസിക്കുക. ഇത്തരത്തിലുള്ള മനസ്സിനെ നിയന്ത്രിക്കുവാനും, വിചാരിച്ച ദിശയിലൂടെ മാറ്റുവാനും കഴിയുമെന്ന ആത്മവിശ്വാസം ആർജിക്കുക. ചിട്ടയായ സ്വയംനിര്‍ദേശത്തിലൂടെ, പ്രവര്‍ത്തിയിലൂടെ, കണിശമായ അച്ചടക്കത്തിലൂടെ നേരത്തെ എടുത്ത തീരുമാനങ്ങളെ അഭ്യസിപ്പിക്കുക, അനുഭവിപ്പിക്കുക, മാറ്റങ്ങള്‍ സ്വയം ബോധ്യപ്പെടുത്തുക.
മാറ്റത്തിനുവേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്ന ഊര്‍ജം നിങ്ങളുടെ നന്മാക്കുവേണ്ടിയാവട്ടെ. ജീവിതത്തെ കൂടുതല്‍ സന്തോഷപ്രദമാക്കുവാനാകട്ടെ.
എല്ലാ വായനക്കാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്,
കെ. വി.