ഒരു ഓർമ്മക്കുറിപ്പ്
April 17, 2020
കുറച്ച് ദിവസങ്ങൾക്കു മുൻപ് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തിലെ ജനങ്ങളോടായി ചെയ്ത ഒരു ആഹ്വാനമാണ് ഈ എഴുത്തിന്നാധാരം.
അതിന്റെ മലയാള പരിഭാഷ ഏതാണ്ട് ഇപ്രകാരമാണ്: “നിങ്ങൾക്ക് എന്നോട് ശരിക്കും അത്രക്കും സ്നേഹമുണ്ടെങ്കിൽ, മോദിയെ ബഹുമാനിക്കണം എന്നുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം കൊറോണവൈറസ് പ്രതിസന്ധി ഉള്ളേടത്തോളം കാലമെങ്കിലും, ഒരു ദരിദ്ര കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കൂ”.
ആത്മാർത്ഥമായി തോന്നിയ ആ നിർദ്ദേശം, ഏകദേശം പത്തൻപത്തഞ്ചു വർഷങ്ങൾക്കു മുൻപുണ്ടായ ഒരു അനുഭവത്തിലേക്ക് എന്റെ ഓർമയെകൊണ്ടെത്തിച്ചു.
1966 ലോ മറ്റോ ആണെന്ന് തോന്നുന്നു, വർഷം കൃത്യമായി ഓർക്കുന്നില്ല, ഒരു ദയനീയ വറുതിക്കാലം കേരളത്തിലും ഉണ്ടായി. ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിന് കിട്ടാതായി. സംസ്ഥാനത്തിന്റെ സ്വന്തം ഉൽപ്പന്നമായിരുന്ന അരിക്കു പോലും കഠിനമായ ക്ഷാമം നേരിട്ടു. സംസ്ഥാനത്തെ ജനങ്ങളാകെ പട്ടിണിയിലായി. അരിക്ക് പകരം ചക്കയും മാങ്ങയും കപ്പയും മുഖ്യ ഭക്ഷണ പദാർഥങ്ങളായി മാറി.
കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു പിന്നോക്ക ഗ്രാമത്തിലായിരുന്നു എന്റെ വീട്. അച്ഛൻ അധ്യാപകനായതുകൊണ്ടും കൃഷിയിൽനിന്നും വരുമാനമുണ്ടായിരുന്നതുകൊണ്ടും വലിയ ബുദ്ധിമുട്ടൊന്നും കൂടാതെയായിരുന്നു ജീവിതം. പക്ഷെ സംസ്ഥാനത്തെ മൊത്തം ബാധിച്ച ഭക്ഷ്യക്ഷാമം ഞങ്ങളെയും ബാധിച്ചു. എല്ലാ ദിവസങ്ങളിലും ഉച്ചക്കും രാത്രിയിലും ചോറ് വെച്ചിരുന്ന ഞങ്ങളുടെ വീട്ടിലും അരിയാഹാരം ഒരുനേരത്തേക്കു മാത്രമാക്കി ചുരുക്കി. ചോറിനു പകരം കഞ്ഞി സ്ഥാനം പിടിക്കുകയും ചെയ്തു.
അക്കാലത്തെ ഒരു ദിവസം, ഞാൻ മൂന്നിലോ നാലിലോ പഠിക്കുകയായിരുന്നു. വീട്ടിൽ ആരുടെയോ പിറന്നാളാണ് എന്നാണോർമ്മ. അച്ഛനും ഞാനും ചേച്ചിയും ഒന്നിച്ചാണ് ഉച്ചക്ക് സ്‌കൂൾ വിട്ടു ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വന്നിരുന്നത്. ഉച്ചക്ക് കഞ്ഞി കുടിക്കാൻ വന്നപ്പോൾ കണ്ടത് കഞ്ഞിക്കു പകരം ചോറും കറിയും! കുറെ ദിവസങ്ങൾക്കു ശേഷം ചോറ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത ഒരാർത്തി തന്നെ തോന്നിപ്പോയി. ചോറുണ്ണാൻ ശരിക്കും നുണഞ്ഞുപോയി.
ഇടയ്ക്കു ഒന്നുകൂടി പറയട്ടെ, എന്റെ അച്ഛൻ ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. ശരിക്കും ഒരു ഗാന്ധി ഭക്തൻ തന്നെ. മഹാത്മാഗാന്ധി മരിച്ചപ്പോൾ അച്ഛൻ തേങ്ങിക്കരഞ്ഞത് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. എനിക്കിട്ട പേര് തന്നെ അദ്ദേഹത്തോടുള്ള ആരാധനയുടെ ഭാഗമായിട്ടായിരുന്നു.
ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് കടുങ്ങന്റെ ചാളയായിരുന്നു. കടുങ്ങൻ ഒരു കൂലിപ്പണിക്കാരനായിരുന്നു. സ്വന്തമായി സ്ഥലമുണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള സ്ഥലമുടമയുടെ സ്ഥിരം പണിക്കാരായിരുന്നു കടുങ്ങനും കുടുംബവും. അതുകൊണ്ട് ആ സ്ഥലത്തു വീട് വെച്ച് താമസിക്കുവാൻ സ്ഥലമുടമ സമ്മതം കൊടുത്തിരുന്നു. വീട് എന്ന് പറഞ്ഞാൽ ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കുടിൽ. എന്തുകൊണ്ടാണെന്നറിയില്ല ‘ചാള’ എന്നാണ് അത്തരം കുടിലുകളെ അന്ന് എല്ലാവരും വിളിച്ചിരുന്നത്.
കടുങ്ങന്റെ വീട്ടിൽ കടുങ്ങനെ കൂടാതെ അയാളുടെ ഭാര്യ ചക്കി, മകൻ മാരൻ, നാടി, അമ്മ വലിയ ചക്കി, സഹോദരി മാത എന്നിവരാണുതാമസിച്ചിരുന്നത്.
നാട്ടിൽ നടമാടിക്കൊണ്ടിരുന്ന ഭക്ഷ്യക്ഷാമം കടുങ്ങന്റെ കുടുംബത്തെയും സാരമായി ബാധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീട്ടിൽ നിന്നും മിക്കപ്പോഴും ചക്ക, മാങ്ങ, കപ്പ, തേങ്ങാ എന്നിവ കടുങ്ങന്റെ വീട്ടിലേക്കു ഞങ്ങൾ അച്ഛന്റെ നിർദ്ദേശപ്രകാരം കൊണ്ടുപോയി കൊടുക്കാറുണ്ടായിരുന്നു, “അവർ പട്ടിണി കിടക്കുമ്പോൾ നമ്മൾ തിന്നു സുഖിക്കണ്ട”, എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.
ഉച്ചക്ക് ചോറ് വിളമ്പി വെച്ചത് കണ്ടപ്പോൾ അച്ഛന്റെ മുഖമാകെ വിളറി. “ആരോട് ചോദിച്ചിട്ടാണ് ഇന്ന് ഉച്ചക്കിവിടെ ചോറ് വെച്ചത്?” അച്ഛൻ ഉച്ചത്തിൽ, ദേഷ്യത്തിൽ അമ്മയോട് ചോദിച്ചു. പിന്നെയെല്ലാം ഒരു ഞൊടിയിടയിലാണ് സംഭവിച്ചത്. വിളമ്പി വെച്ചിരുന്ന മൂന്നു പ്ലേറ്റിലെ ചോറും, അച്ഛൻ അലുമിനിയം ചെമ്പിലേക്കുതന്നെയിട്ടു. അരി വാർത്തുവെച്ചിരുന്ന കഞ്ഞിവെള്ളം ചോറിൻചെമ്പിലേക്കൊഴിച്ച്, കയ്യിലെടുത്തു ഇളക്കി അത് മൊത്തം കഞ്ഞിയാക്കി മാറ്റി. മറ്റൊരു ചെമ്പെടുത്തു കഞ്ഞി പകുതി അതിലേക്കൊഴിച്ചു. ചക്ക കൊണ്ടുണ്ടാക്കിയ കറി പകുതിയെടുത്ത് മറ്റൊരു പാത്രത്തിലാക്കി. കഞ്ഞിച്ചെമ്പ് അച്ഛൻ കയ്യിലെടുത്ത്, കറിയുടെ ചെമ്പ് എന്നോടെടുക്കാൻ പറഞ്ഞ്, ചെമ്പും കൊണ്ട് അച്ഛൻ നേരെ കടുങ്ങന്റെ ചാളയിലേക്കു നടന്നു. വഴിയേ കറിപ്പാത്രവുമായി ഞാനും. പുറത്തുനിന്നും അച്ഛൻ കടുങ്ങനെ വിളിച്ചു. ഒറ്റത്തോർത്തുമുടുത്തു പുറത്തേക്കുവന്ന കടുങ്ങന്റെയും മാരന്റെയും ഒട്ടിയ വയർ കണ്ടാലറിയാമായിരുന്നു, അന്നവരൊന്നും കഴിച്ചിട്ടില്ലെന്ന്. കഞ്ഞിയും കറിയും കൊടുത്തു അച്ഛൻ കടുങ്ങനെ നോക്കി പറഞ്ഞു, “കഞ്ഞി കുടിച്ചു സാവധാനം പാത്രങ്ങൾ വീട്ടിൽ കൊടുത്താൽ മതി.” കടുങ്ങന്റെ തൊണ്ടയിൽ നിന്നും ഒരു ശബ്ദം പുറത്തേക്കു വന്നു, “തബ്രാ…” മുഴുവനാക്കാൻ സമ്മതിക്കാതെ അച്ഛൻ പറഞ്ഞു, “എനിക്ക് നേരം വൈകി കടുങ്ങാ, സ്‌കൂളിൽ പോണം. ബെല്ലടിക്കാറായി. നീ ചക്കിക്കും കുട്ട്യോൾക്കും വേഗം കഞ്ഞി കൊടുക്ക്.” മറുപടിക്കു കാത്തു നിൽക്കാതെ എന്നെയും വിളിച്ചു തിരിഞ്ഞു വീട്ടിലേക്കോടി. നേരം വൈകിയതിനാൽ, അമ്മ വിളമ്പിവെച്ചിരുന്ന കഞ്ഞി ഇരിക്കാതെ നിന്ന് മോന്തിക്കുടിച്ചു. അച്ഛനോടൊപ്പം സ്‌കൂളിലേക്കോടുമ്പോൾ എനിക്ക് അച്ഛനോട് ദേഷ്യം തോന്നിയിരുന്നോ? എന്തോ ഓർമ്മയില്ല… പക്ഷെ ഇന്ന് ഞാനെന്റെ അച്ഛനെ ഓർത്തു അഭിമാനിക്കുന്നു. അതുപോലെ ഒരു മനസ്സ് എനിക്കും തരണേ എന്നു പ്രാർത്ഥിക്കുന്നു…
എല്ലാ സുമനസ്സുകൾക്കും നന്മകൾ നേർന്നുകൊണ്ട്,
കെ. വി.