ഭിന്നശേഷിക്കാർ
December 03, 2020
ഇന്നലെ കേട്ടൊരാ തേങ്ങലിൻ താളങ്ങൾ
ഇന്നുമെൻ കാതിൽ അലയടിച്ചീടുന്നു,
ആത്മാവിൻ വേദന തൊട്ടറിയുന്നു ഞാൻ
ആത്മവിശ്വാസിയായ് മാറുക സോദരാ…
ഉണ്ണി പിറന്നതും, ഉണ്ണി വളർന്നതും
കണ്ണുനീർത്തുള്ളിയായ് മാറുന്നുവോ?
വിണ്ണിലെ നീതികർത്താവായ ദൈവമേ
മന്നിതിലാർക്കുമീതേകിടാതെ…
രണ്ടു പതിറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും
കണ്ടതില്ലാ മാറ്റം, ഒന്നിന്നൊരിക്കലും,
ആശിച്ചിടുന്നു ഞാൻ ഇന്നും, എന്നെങ്കിലും,
വിശ്വസിച്ചീടുവാനാകാതെ സത്യത്തെ…
ഒത്ത പുരുഷനായ് മേനി വളർന്നിട്ടും
ചിത്തത്തിലേതുമതേശിയില്ല,
കാലത്തെഴുന്നേറ്റു കണ്ണും തിരുമ്മിയാ
കോലായിലെത്തുന്നു പല്ലു തേക്കാൻ.
ഇല്ലവനാവില്ല പല്ലൊന്നു തേക്കുവാൻ,
വല്ലവിധേനയും ഒന്നു കുളിച്ചിടാൻ,
തലമുടി കോതിയൊതുക്കി വെച്ചിട്ടൊരു
പലഹാരമൊറ്റക്കെടുത്തു കഴിച്ചിടാൻ!
“എന്നെയും കാത്തിരിപ്പാണവനെപ്പോഴും”
എന്നെൻ സഹോദരനോതിടുമ്പോൾ
ബാക്കിചൊല്ലുന്നതു കേൾക്കുവാനാകാതെ,
വേഗം വിഷയം ഞാൻ മാറ്റിടുന്നു.
“കൂട്ടുകാർ മക്കളെപ്പോലെ അവനെയും
കൂട്ടി പുറത്തൊന്നു പോകുവാനുണ്ടാശ,
പറ്റില്ലെനിക്കെന്റെ ഏട്ടാ എൻ കുട്ടിയെ
മറ്റുള്ളോർ നോക്കി പരിഹസിക്കും.
അപ്പോൾ തുളുമ്പുന്ന കണ്ണുനീരോർത്തു ഞാൻ
ഒപ്പമിരിപ്പാണവനോടു കൂടവേ.
കുട്ടിക്കളിയതു മാറാത്ത കുട്ടനു
കൂട്ടായി, ഞാനവൻ കൂട്ടുകാരൻ.
ഒരുനാളവനെയും കൊണ്ടുപോയ് സദ്യക്ക്,
അരുതാത്തതന്നവൻ ചെയ്തു, കഷ്ടം
തൊട്ടടുത്തുള്ളൊരു കുട്ടിതന്നിലയിലെ
പൊട്ടാതെയുള്ളൊരു പപ്പടം കണ്ടപ്പോൾ,
പെട്ടെന്നെടുത്തൊന്നു പൊട്ടിച്ചിരിച്ചിട്ടു
തട്ടിപ്പൊടിച്ചവൻ വായിലിട്ടു.
തെല്ലു രോഷത്തോടെ ആ കുട്ടിതന്നച്ചൻ
വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി.
താണുതൊഴുതൊന്നു തേങ്ങിപ്പറഞ്ഞു ഞാൻ
‘ഭിന്നശേഷിക്കാരൻ’ എന്റെ കുട്ടി,
ഇല മാറ്റി തന്നിടാനായിപ്പറഞ്ഞിടാം
കലഹമെൻ കുഞ്ഞിനോടരുതരുതേ.
വർധിച്ച കോപസ്വരത്തിലയാളോതി
“വേറെ ഇരുത്തണ്ടേ ഈ കുട്ടിയെ?”
ഊണ് മതിയാക്കി പെട്ടെന്നെണീറ്റുപോയ്
കണ്ടുനിന്നോരെയും തട്ടിമാറ്റി.
ഞാനുമെണീറ്റെന്റെ കണ്ണന്റെ കൈപിടി
ച്ചൂണ് മുഴുവൻ കഴിച്ചിടാതെ.
ഊടുവഴികളിലൂടെ നടന്നെന്റെ
വീടെത്തുവാനായ് പൊരിവെയിലിൽ”
ഇത്രപറഞ്ഞിട്ടു, പിന്നെ ചിരിച്ചവൻ
പൂർത്തീകരിക്കുവാനായിടാതെ…
ആ ചിരിയിൽകണ്ടു ഞാനെന്നനിയന്റെ
നീറും മനസ്സിലെ നൊമ്പരത്തെ…
നിയോഗമെനിക്കാശ്വസിപ്പിക്കലാണല്ലോ
വിയോഗങ്ങൾ പോലുമതേശിടാതെ…
ആത്മാവിലേറ്റും നിൻ നൊമ്പരം താങ്ങുവാൻ
ആത്മവിശ്വാസത്തെ അത്താണിയാക്കുക.
ആശ്വസിച്ചീടുക, വിശ്വസിച്ചീടുക,
ഈശ്വരനേല്പിച്ച പുണ്യകർമ്മം…
കനലായിട്ടെരിയും മനസ്സുമായി
തണലേകും നീയൊരു ദൈവദൂതൻ…
—
കെ വി